ഒരു സിനിമ കാണാന്‍ ഇറങ്ങിയതാണ്..പക്ഷെ തോന്നിയപോലെ പ്രവര്‍ത്തിക്കുന്ന, സ്വന്തം പേരിനോട് ഇത്രയധികം നീതിപുലര്‍ത്തുന്ന മലയാളക്കരയിലെ ഒരേയൊരു കാക്കയായ ‘ലിബര്‍ട്ടി’ കാക്കയുടെ സംഘടന നടത്തുന്ന സമരം കാരണം തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ് എന്ന സത്യം അറിയുന്നത് അവിടെ എത്തിയപ്പോള്‍ മാത്രമാണ്...
സമയം 2.20 ചിന്നക്കട..
എന്നാ പിന്നെ ലൈബ്രറിയില്‍ ഒന്ന് കയറിയിട്ട് പോകാം എന്ന് കരുതി തിരിച്ച് നടക്കുമ്പോള്‍ ഫുട്പാത്തില്‍ കുറച്ചമ്മാവന്മാര്‍ കൂടി നില്‍ക്കുന്നു.. പ്രധാനമന്ത്രിയെ കാണാന്‍ കാത്ത് നില്‍ക്കുകയാണ് ആ ചുള്ളന്മാര്‍..ഇതുവരെ ഒരു പ്രധാനമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല..എന്നാപിന്നെ കണ്ട് കളഞ്ഞേക്കാം എന്ന് കരുതി ഞാനും ആ കൂട്ടത്തിലേക്ക് കയറി നിന്നു.
2.35 ന് ആശ്രാമത്തെ പ്രത്യെകം തയ്യാറാക്കിയ ഹെലിപ്പാടില്‍ പ്രധാനമന്ത്രി പറന്നിറങ്ങും 2.40-തോടുകൂടി ഇതുവഴി എസ്എന്‍ കോളേജിലേക്ക് കടന്നുപോകും എന്നൊക്കെ ആരോ പറയുന്നുണ്ടായിരുന്നു..
നടേശന്‍ വിളിച്ചിട്ടാണത്രെ പുള്ളി വരുന്നത് മറ്റാരോ പറഞ്ഞു..
“വെള്ളാപ്പള്ളി അത്ര വല്യ ആളോക്കെയാണോ “ ആ സാധാരണക്കാരന്റെ ആ ചോദ്യം രസകരമായി തോന്നി...നടേശനെ മാധ്യമങ്ങള്‍ ചുമ്മാതങ്ങ് വളര്‍ത്തി വിടുകയാണെന്ന സത്യം എത്ര പ്രസക്തമായിരിക്കുന്നു..
സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു....ഫുട്പാത്തിലൂടെ എങ്ങോട്ടോക്കെയോ നടന്നു പോകേണ്ടിയിരുന്നവരൊക്കെ അവിടെ തടിച്ചു കൂടാന്‍ തുടങ്ങി...മൊബൈല്‍ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചു,,കുറച്ചു നേരം കൊണ്ട് തന്നെ ഭാരതത്തിന്‍റെ ഒരു പരിചേധം അവിടെ രൂപപ്പെട്ടു. സമ്പന്നരും പാവപ്പെട്ടവരും മധ്യവര്‍ഗവും ഭിക്ഷാടകരും യുവതി യുവാക്കളും കുട്ടികളും മദ്ധ്യവയസ്കരും അടങ്ങിയ ഭാരതത്തിന്‍റെ ഒരു ചെറിയ പതിപ്പ്....
പോലീസ് വാഹനങ്ങള്‍ മിനിറ്റുകളുടെ ഇടവേളയില്‍ തുടര്‍ച്ചയായി റോന്ത് ചുറ്റുന്നുണ്ടായിരുന്നു.പോലീസ് മാമന്മാര്‍ റോഡിനു കുറുകെ കയറ് വലിച്ചു കെട്ടി ബാരിക്കെടുകള്‍ എടുത്തു വെയ്ക്കാന്‍ തുടങ്ങി....ചീറിപായുന്ന വാഹനങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ ഇല്ലാതെ “ ചിന്നക്കട ജംഗ്ഷന്‍ “ ഞാന്‍ ആദ്യമായി പകല്‍ വെളിച്ചത്തില്‍ കണ്ടു.
അതാ ഒരു ഹെലികോപ്റ്റര്‍ ചിറകുകള്‍ വിടര്‍ത്തി താഴ്ന്ന് പറന്ന് വരുന്നു.നിമിഷ നേരങ്ങള്‍ക്കകം പ്രധാനമന്ത്രി ഇതുവരി കടന്നു പോകും.
മിനിട്ടുകള്‍ കഴിഞ്ഞു..ഒരു ബീക്കന്‍ ശബ്ദം കാതുകള്‍ക്ക് അടുത്ത് വരുന്നു..എല്ലാവരും മൊബൈല്‍ ക്യാമറകള്‍ ഓണാക്കി...ഏവരെയും ഇളഭ്യരാക്കി ഒരു ആംബുലന്‍സ് പാഞ്ഞ് പോയി.
പിന്നെയും മിനിട്ടുകള്‍ കടന്ന് പൊയി..
അതാ ഒരു പോലീസ് വാഹനം പിറകെ മറ്റ് രണ്ടെണ്ണം തൊട്ട് പിറകെ എന്‍എസ്ജി വാഹനം അതിനുപിറകെ പതിയെ പോകുന്ന ഒരു വാഹനം ...അതില്‍ ഏവരെയും കയ്യുയര്‍ത്തി കാണിച്ച് ഒരാള്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നു...അതെ നമ്മുടെ പ്രധാനമന്ത്രി , ഭാരതത്തിന്‍റെ വെരി വെരി ഇമ്പോര്‍ട്ടന്‍റെ പേര്‍സണ്‍...
കാത്തു നിന്ന എല്ലാവരെയും കയ്യുയര്‍ത്തി കാട്ടി ആ ദേശാടനകിളി മെല്ലെ മെല്ലെ പറന്നകന്നു..
ലോകത്തിലെ ഏറ്റവും വല്യ ജനാതിപത്യ രാജ്യത്തെ പ്രധാനമന്ത്രിയാണ്,അതിന്‍റെ പ്രൌഡി ഒന്ന് വേറെ തന്നെയാണ്...
