Wednesday, December 31, 2014

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്

പെഷവാറും പികെ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നടന്ന അക്രമണവും ഘര്‍ വാപ്പസിയും നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
മതം മനുഷ്യനെ മൂഡനാക്കുകയാണോ.....?...
മനുഷ്യന് ജീവിക്കാന്‍ മതം അനിവാര്യമാണെന്ന കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന കെട്ടുകഥ ആ അതിരും ഭേദിച്ച് മതമില്ലെങ്കില്‍ മനുഷ്യന്‍ ഇല്ല എന്നുള്ള വട്ട്കഥയില്‍ എത്തി നില്‍ക്കുന്നു...
ഗീതയും ബൈബിളും ഖുര്‍ആനും മനുഷനെ പഠിപ്പിക്കുന്നത് സ്നേഹമാണ്..പക്ഷെ ഈ മനുഷ്യന്‍ ഒരിക്കലും ദൈവത്തെ
സ്നേഹിച്ചിട്ടില്ല..ഭയത്തോട് കൂടി അല്ലാതെ അവന്‍ ദൈവത്തെകുറിച്ച്' സംസാരിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല..ഈ ഭയം തന്നെയാണ് ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷതിന്റ്റെയും വക്താക്കള്‍ എന്ന് അവകാശപ്പെടുന്ന കുറച്ച് പേര്‍ മുതലാക്കുന്നതും വിറ്റ് കാശ് ആക്കുന്നതും..ഈ ഭയം ചോദ്യങ്ങള്‍ക്ക് വിധേയമാകുമ്പോള്‍
സ്വന്തം ഇരിപ്പിടം ഇളകി തുടങ്ങുംപ്പോള്‍ മേല്‍ പറഞ്ഞ പൊറാട്ട് നാടകങ്ങള്‍ മാത്രമാകുന്നു അവരുടെ മാര്‍ഗ്ഗങ്ങള്‍...
ചുംബനസമരത്തിന്‌ നേരെ ഇവിടെ അരങ്ങേറിയ പ്രതിഷേധങ്ങളില്‍ നിന്ന് ഒന്നുകൂടി വ്യക്തമായി. എല്ലാ മതങ്ങളും അടിത്തട്ടില്‍ ഒന്ന് തന്നെ..പ്രത്യഷത്തില്‍ വ്യത്യസ്ത ചേരികളില്‍ ആണെങ്കിലും വിശ്വാസങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരോടുള്ള കാഴ്ചപ്പാടുകളില്‍ അവര്‍ ഒന്നാണ്......ഇത് തന്നെയാണ് പികെ എന്ന ചിത്രത്തോടുള്ള സമീപനത്തില്‍ നിന്നും വ്യക്തമാകുന്നത്..
ഒന്ന് ചോദ്യം ചെയ്താല്‍, വിമര്‍ശിച്ചാല്‍ ഉഴുകിപോകുന്ന മെഴുക് പ്രതിമയാണ് മതമെങ്കില്‍...അതങ്ങ് പോകുന്നതല്ലേ നല്ലത്.......?....
പികെയെക്കാള്‍ കര്‍ക്കശമായി അതിലും സമര്‍ഥമായി മതങ്ങളെയും കപട വിശ്വാസങ്ങളെയും ചോദ്യം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു " oh my god (OMG) ". അന്ന് ഉയരാത്ത പ്രതിഷേധം ഇന്ന് ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ അതിനെതിരെ വിവേകമില്ലാത്ത, കേട്ടു കേള്‍വി പോലുമില്ലാത്ത സംഘടനകള്‍ ആക്രമണം അഴിച്ച് വിടുമ്പോള്‍, കേന്ദ്രത്തില്‍ ബിജെപി-യാണ് ഭരിക്കുന്നത് എന്നുള്ളത് അവര്‍ക്ക് ശക്തി നല്‍കുന്നതായി ആര്‍ക്കെങ്കിലും തോനിയാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കില്ല...
ഒരു വര്‍ഷം കൂടി ഓര്‍മ്മയാകുന്നു... എടുക്കാന്‍ യാതൊരു പുതുവത്സര പ്രതിക്ഞ്ഞയും ഇല്ല..പക്ഷെ മനസ്സില്‍ ഒരു സ്വപ്നമുണ്ട്..!! മതം വിവേകത്തെ ഭരിക്കാത്ത ഒരു കാലം....മനുഷ്വത്വം മതങ്ങള്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കുന്ന ഒരു കാലം....

Monday, December 22, 2014

പികെയും കസിൻസും


ക്രിസ്ത്യൻ, ഹിന്ദു ,മുസ്ലിം എന്നീ മുൻന്നിര മതങ്ങൾക്കു എല്ലാം സ്വന്തമായി ഓരോരോ സ്വർഗ്ഗവും നരകവും ഉണ്ടോ ? ..
ഇവിടെല്ലാം വെവ്വേറെ വിചാരണകളാണോ നടക്കുന്നത് ?..
ഈ മതം മാറുന്നവരെ ഏത് സ്വര്ഗ്ഗത്തിലും നരകതിലുമാണ് കുത്തി കയറ്റുന്നത് . പഴയതിലോ അതോ പുതിയതിലോ ?..
ഈ ദൈവങ്ങളെ എല്ലാം ഉണ്ടാക്കിയ വേറെ ഏതെങ്കിലും സൂപ്പർ സിംഗിൾ ദൈവം ഉണ്ടോ ?..
ജീവിതത്തിൽ സൊ കാൾട് പാപങ്ങൾ ഒന്നും ചെയ്യാതെ നന്മകൾ മാത്രം ചെയ്ത്‌ മരണമടഞ്ഞ ഒരു വ്യക്തിയെ നീ എന്നെ ആരാധിച്ചില്ല എന്ന് പറഞ്ഞ്‌ നരകത്തിലേക്ക് തള്ളുന്ന ദൈവം നീതിമാനാണോ ?.. 
അമ്പലവും പള്ളിയും കെട്ടി കൊടുക്കുന്നവനെയും വഞ്ചിയിലും ഭണ്ടാരത്തിലും സംഭാവന ഇടുന്നവനെയും പാലും പഴവും ശർക്കരയും വെണ്ണയും കാണിക്ക വെൽക്കുന്നവനെയും മാത്രം അനുഗ്രഹിക്കുന്ന ബൂര്ഷ്വ ആണോ ദൈവം എന്ന ടിയാൻ ?..
ഇങ്ങനെ തുടങ്ങി കുറെയേറെ സംശയങ്ങളാണ് മതവും മത വിശ്വാസങ്ങളും എനിക്ക് നൽകി കൊണ്ടിരിക്കുന്നത് ..
മരിച്ചവർ ആരെങ്കിലും തിരിച്ചു വന്നെങ്കിൽ ഇതിനെല്ലാം ഒരു ഉത്തരം കിട്ടിയേനെ ..
ഇതുപോലുള്ള സംശയങ്ങളും ചോദ്യങ്ങളും വിമർശനങ്ങളുമായി കുറച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രമായിരുന്നു OMG.
കുറച്ച് കൂടി ആധികാരികമായി മതങ്ങളെയും മത വിശ്വാസങ്ങളെയും പരിഹാസ രൂപേണ അവതരിപ്പിച്ച മറ്റൊരു ചിത്രമായിരുന്നു പ്രഭുവിന്റെ മക്കൾ .നല്ലത് പോലെ ഒന്ന് ശ്രെദ്ധിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാകുമായിരുന്ന കലാ സൃഷ്ടി .
ആക്ഷേപ ഹാസ്യ രൂപേണ ഹിരാനി പികെ യിൽ പറയുന്നതും മതങ്ങളുടെ പേരിൽ നടക്കുന്ന ഈ കപട അനാചാരങ്ങളേക്കുറിച്ചാണ് .
തൊട്ടാൽ പൊള്ളുന്ന ഈ വിഷയത്തെ ആഴത്തിൽ സമീപിക്കാതെ എല്ലാ കോണിലൂടെയും ബുദ്ധി പരമായി ഒരു ഓട്ടപ്രദക്ഷണം നടത്തുകയാണ് ഹിരാനി .
ഇമ്പമാർന്ന സംഗീതവും ആമിറിന്റെ മനോഹരമായ അഭിനയവും ചിത്രത്തിന്റെ നിലവാരത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു എന്ന് നിസ്സംശയം പറയാം .
ഒരു ബോളിവുഡ് ഫിലിം എന്ന രീതിയിൽ മാത്രം സമീപിച്ചാൽ ഉഗ്രൻ ചിത്രമാണ് പികെ .
പക്ഷെ രാജ്കുമാർ ഹിരാനി എന്ന സംവിധായകനിൽ നിന്ന് ഇതിനുമപ്പുറമാണ് നമ്മൾ പ്രതീക്ഷിക്കുന്നത് .ആ പ്രതീക്ഷയോളം പികെ എത്തിയിട്ടില്ല എന്ന് നിരാശയോടെ പറയേണ്ടി വരും .അത് കൊണ്ട് തന്നെ ഹിരാനിയുടെ ചിത്രങ്ങളിൽ ഒരു ആവറെജ്‌ മാത്രമായി ഒതുങ്ങി പോകുന്നു പി കെ .
പി കെയെ ഇങ്ങനെ വിലയിരുത്താം ...
ആ ക്ലൈമാക്സിനു വേണ്ടിയും ആമിറിന് വേണ്ടിയും ഒരു രണ്ടു തവണ കാണാവുന്ന ചിത്രം.ഹിരാനിക്ക് വേണ്ടിയാണെങ്കിൽ ഒരു തവണയും...
************************************************************************************************
ഇന്ന് മറ്റൊരു സിനിമ കൂടി കാണു കയുണ്ടായി .
ഗാന ചിത്രീകരണത്തിന്റെ മുതൽ മുടക്കുമായി താരതമ്യം ചെയ്യുമ്പോൾ മലയാളത്തിലെ ശങ്കറായി വെറുതെ ഒരു രസത്തിന് ചുമ്മാതങ്ങ്‌ കേറി വിളിക്കാവുന്ന നമ്മുടെ സ്വന്തം വൈഷാഖ്‌ ചേട്ടന്റെ കസിൻസ് .
ടീ സിനിമയെ ധാ ദിങ്ങനെ വിലയിരുത്താം ...
:)

Wednesday, December 3, 2014

*********ടോട്ടോച്ചാന്‍**********

പലപ്പോഴും ആലോചിക്കുന്നു..എത്രയോ സിനിമകളുടെ അനുഭവക്കുറിപ്പ് എഴുതിയിട്ടുണ്ട്..
എന്തുകൊണ്ട് വായിച്ച ഒരു ബുക്കിനെകുറിച്ച് എഴുതിക്കൂടാ..
- ആ ഒരു ചിന്തയാണ് ഇന്നീ പോസ്റ്റിലേക്ക് നയിച്ചത്..
ഏത് പുസ്തകത്തെകുറിച്ച് എഴുതണം എന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത്‌
ഈ ബുക്കാണ്.. " ടോട്ടോച്ചാന്‍ "..
പ്രസ്തുത ബുക്ക്‌ എന്‍റെ കയ്യില്‍ എത്തപെട്ടതിന് പിന്നില്‍ ഒരു കഥയുണ്ട്..
സുഖമുള്ള ആ ഓര്‍മ്മ നിങ്ങളുമായി പങ്കുവേക്കട്ടെ...

സംഭവം ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌...കൊല്ലത്തെ പ്രമുഖമായ ഒരു വിദ്യാലയത്തില്‍ എസ് എസ് എല്‍ സി യുടെ
വിജയാഘോഷം നടക്കുകയാണ്.. പല പ്രമുഖരും വേദിയിലുണ്ട്..കാണികളുടെ ഇടയില്‍
കിട്ടാന്‍ പോകുന്ന കാശ് അവാര്‍ഡിനെ കുറിച്ചും ആ കാശ് കൊണ്ട് ഇനിയൊരു മാസത്തേക്ക് തിയേറ്ററില്‍ പോയി
കാണാവുന്ന സിനിമകളെ കുറിച്ചും  ഓര്‍ത്ത് അവന്‍ സന്തോഷിക്കുകയായിരുന്നു.
".ചുരുങ്ങിയത് ഒരു രണ്ടായിരം ഉറുപ്പിക എങ്കിലും കാണും .."-അവന്‍ ഉത്സാഹത്തില്‍ ആയിരുന്നു..

" ഹോ രണ്ടായിരം രൂപ...വീട്ടില്‍ സിനിമ കാണാനാണെന്ന് പറഞ്ഞാല്‍ അഞ്ച്പൈസ തരില്ല...ഇതാകുമ്പോ ആരോടും തെണ്ടുകയും
വേണ്ട എത്ര സിനിമ വേണമെങ്കിലും കാണുകയും ചെയ്യാം....സമ്മാനം കിട്ടിയ കാശ് അല്ലെ ആരും ചോദിക്കുകയുമില്ല.."..

ഇങ്ങനെയൊക്കെ ആലോചിച്ച് മുഖത്തൊരു മന്തസ്മിതവുമായി അവന്‍ കാത്തിരുന്നു..ഒടുവില്‍ എസ് എസ് എല്‍ സിയില്‍ ഉയര്‍ന്നവിജയം
നേടിയ അവനുള്‍പ്പെടെയുള്ള നാല് പേരെ ആദരിക്കുന്ന ചടങ്ങെത്തി..ഉയര്‍ന്ന് പൊങ്ങിയ കരഘോഷങ്ങള്‍ക്കിടയില്‍ അവന്‍ അത് ഏറ്റുവാങ്ങി.
ഒരു മേമെന്റോയും കൂടെ ഒരു പൊതിയും...

അവിടെവെച്ച് തുറന്ന് നോക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തില്‍ മാനക്കെടായതിനാല്‍ വീട്ടില്‍ എത്തുന്നവരെ കാത്തിരിക്കാന്‍  തീരുമാനിച്ചു
...ഒടുവില്‍ കാണാന്‍ പോകുന്ന സിനിമകളുടെ മനോഹര സ്വപ്നങ്ങളുമായി അവന്‍ ആ പൊതി തുറന്നു.

ജപ്പാനീസ് എഴുത്തുകാരിയായ Tetsuko Kuroyanagi-യുടെ ലോകപ്രശസ്ത നോവലായ
Totto-chan, the Little Girl at the Window-യുടെ മലയാളം പരിഭാഷയായിരുന്നു പ്രിന്‍സി തന്ന ആ സമ്മാന പൊതിയില്‍ ഉണ്ടായിരുന്നത്.
.അകത്തെ പേജുകള്‍ക്കിടയില്‍ ഒരു നൂറു രൂപയെങ്കിലും ഉണ്ടാകുമോ..?... എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം..
നിരാശമൂത്ത്  ദൂരേക്ക് വലിച്ചെറിഞ്ഞ ടോട്ടോച്ചാനെ അടുത്തറിയാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വന്നു..

തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതിരുന്ന ആ ദിനങ്ങളില്‍ ഒന്നില്‍  ഞാന്‍ ടോട്ടോച്ചാനിലേക്ക് ഇറങ്ങി ചെന്നു..അതോ എന്നെ തേടിയെത്തിയാതായിരുന്നോ?..അറിയില്ല..

എവിടെയോ എപ്പോഴോ മറന്ന് തുടങ്ങിയിരുന്ന ആ വായനക്കാരനെ ടോട്ടോച്ചാന്‍ എനിക്ക് കണ്ടെത്തി തരികയായിരുന്നു..
പിന്നെ ആ vacation-ന് ഒരു സിനിമപോലും ഞാന്‍ തിയേറ്ററില്‍ പോയി കണ്ടില്ല...ലൈബ്രറിയും ബുക്കുകളുമായി പുതിയൊരു അവധിക്കാലം
എനിക്ക് സമ്മാനിച്ചത് ടോട്ടോച്ചാന്‍ ആയിരുന്നു,പിന്നീട് ജീവിതത്തില്‍ ഒരിക്കലും ഉപേക്ഷിക്കാത്ത വായനയും.....

*****************************************************************************************
സ്കൂളില്‍ നിന്ന് പുറത്താക്കപെട്ട ടോട്ടോച്ചാനിലൂടെയാണ് നോവല്‍ തുടങ്ങുന്നത്..കൂടുതല്‍ സ്വാതന്ത്ര്യവും സ്നേഹവും സന്തോഷവും നല്‍കുന്ന അന്തരീക്ഷമാണ്
തന്‍റെ മകള്‍ക്ക് വേണ്ടതെന്ന് മനസ്സിലാക്കുന്ന ടോട്ടോച്ചാന്‍റെ അമ്മ അവളെ കൊബായാഷി മാസ്റ്റര്‍ നടത്തുന്ന സ്കൂളിലേക്ക് കൊണ്ട് പോകുന്നു..
സൌഹ്യദത്തിന്‍റെ സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ സന്തോഷത്തിന്‍റെ പുതിയൊരു ഗുരുശിഷ്യ  ബന്ധം അവിടെ തുടങ്ങുകയായിരുന്നു..
ചുറ്റിനുമുളള കാഴ്ച്ചകളില്‍ നിന്ന് അവള്‍ പഠിച്ച പാഠങ്ങള്‍,അവളുടെ കൂട്ടുകാര്‍,ഊഷ്മളമായ അവളുടെ സ്കൂള്‍ ജീവിതം, .അങ്ങനെ അങ്ങനെ നോവല്‍
വായനക്കാരിലേക്ക് ഇറങ്ങി ചെല്ലുകയാണ്...  ഒരു കൊച്ച് കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെ സാധാരണമായ ഈ ലോകം എങ്ങനെ അസാധാരണവും മനോഹരവുമായി
 മാറുന്നു എന്ന് നോവലിസ്റ്റ്‌ വിവരിക്കുന്നു...

വായനയെ സ്നേഹിക്കുന്നവരോ , അല്ലാത്തവരോ ആരെങ്കിലും ആയികോട്ടെ നിങ്ങള്‍..
" ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ട അനുഭവമാണ് ടോട്ടോച്ചാന്‍ " ..‍...

“Having eyes, but not seeing beauty; having ears, but not hearing music; having minds, 
but not perceiving truth; having hearts that are never moved and therefore never set on fire. 
These are the things to fear, said the headmaster.” 

  - Tetsuko Kuroyanagi, Totto-chan: The Little Girl at the Window .